കൂത്താട്ടുകുളം :സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉജ്ജ്വലഖ്യാതി നേടിയ കൂത്താട്ടുകുളത്തിന്‍റെ അക്ഷരപ്പെരുമയ്ക്ക് ആക്കം കൂട്ടുന്നതിനായി അതിവിസ്തൃതമായിക്കിടന്നിരുന്ന മൂവാറ്റുപുഴ ഉപജില്ല വിഭജിച്ച് 6.12.1982 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം.ജേക്കബ് കൂത്താട്ടുകുളം സബ്ജില്ല ഉദ്ഘാടനം ചെയ്തു.
കാര്‍ഷികവൃത്തിക്ക് ആഴത്തില്‍ വേരോട്ടമുള്ള കൂത്താട്ടുകുളം പ്രദേശത്തിന്‍റെ സാംസ്‌കാരിക ഉന്നമനത്തിന് ഇത് ശക്തികൂട്ടി.
‘അക്ഷരം അഗ്നിയാണ്, അറിവ് ആയുധമാണ്, എന്നു തിരിച്ചറിഞ്ഞ സമൂഹത്തിന് കരങ്ങള്‍ നീട്ടി സബ്ജില്ലയിലാകെ 4 ഗവ.യുപി സ്‌കൂള്‍, 4 എയ്ഡഡ് യു.പി സ്‌ക്കൂള്‍, 8 ഗവ.എല്‍പി സ്‌ക്കൂള്‍, 1 അണ്‍എയ്ഡഡ് എല്‍പി, 4 ഗവ. ഹൈസ്‌ക്കൂള്‍, 5 എയ്ഡഡ് ഹൈസ്‌ക്കൂള്‍, 2 അണ്‍എയ്ഡഡ് ഹൈസ്‌ക്കൂള്‍ ഇവ പ്രവര്‍ത്തിച്ചു വരുന്നു.
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ ചരിത്രം 1912 ജൂലൈ 12 (1087 മിഥുനം 13) ന് വെര്‍ണക്കുലര്‍ മലയാളം സ്‌ക്കൂളില്‍ നിന്നും ആരംഭിക്കുന്നു. ഇന്ന് ഈ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ധാരാളം സ്‌ക്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
മണിമലക്കുന്ന് ഗവ. കോളേജ്, വടകര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍, കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍, ബാപ്പുജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌ക്കൂള്‍, മേരിഗിരി സ്‌ക്കൂള്‍, പാലക്കുഴ ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ തിരുമാറാടി ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന വിദ്യാലയങ്ങള്‍.
കാലത്തിന്‍റെയും ആഗ്രഹങ്ങളുടെയും വേലിയേറ്റത്തില്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള സാമൂഹ്യ കാഴ്ചപ്പാടില്‍ ചില മാറ്റങ്ങള്‍ വന്നുവെന്നത് വിസ്മരിക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷേ, അനാദായകരമായ പട്ടികയില്‍പ്പെട്ട അന്യം നിന്നു പോയ ‘ഒന്നും’ അക്കൂട്ടത്തിലുണ്ട്.
എയ്ഡഡ് മേഖലയുടെ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനവും സേവനങ്ങളും കുറച്ചു കാണുക വയ്യ. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ആ മേഖലയെത്തന്നെ ശരണം പ്രാപിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ചുരുങ്ങിയ പരിധിക്കുള്ളില്‍ ആധുനിക രാഷ്ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം, ബുദ്ധ, ജൈന കാലഘട്ടത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യങ്ങളും അവകാശപ്പെടാനുള്ള ഒരു പ്രദേശമാണ് കൂത്താട്ടുകുളമെന്ന് പ്രശസ്ത ഗവേഷകനായ പി.വി. കെ. വാലത്ത് ‘ കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ ’ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കൂത്താട്ടുകുളത്തിന് തിളക്കമാര്‍ന്ന ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്. കൂത്താട്ടുകുളം എന്ന പേരുതന്നെ ഇവിടുത്തെ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്നതാണ്. സ്ഥലപുരാണം എന്തുതന്നെയാണെങ്കിലും ഈ നാട് കൂത്തിന്‍റെയും ആട്ടത്തിന്‍റെയും കളമായിരുന്നു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല.
പുതിയ തലമുറയ്ക്ക് പോലും നൈസര്‍ഗീകമായി ലഭിച്ചിട്ടുള്ള കലാസാഹിത്യാഭിരുചി കണക്കാക്കുമ്പോള്‍ നമ്മുടെ പാരമ്പര്യത്തിന്‍റെ വേരുകള്‍ കണ്ടെത്താന്‍ പ്രയാസമില്ല.
നൂറുവര്‍ഷം മുമ്പ് മുതല്‍ക്കുതന്നെ പകുതിക്കച്ചേരി, ആശുപത്രി, സബ്‌രജിസ്ട്രാര്‍ ഓഫീസ്, പോലീസ് സ്റ്റേഷന്‍, അഞ്ചലാഫീസ്, സത്രം, റ്റി.ബി., ദേവസ്വം ഓഫീസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓഫീസ് തുടങ്ങി ഒരു താലൂക്ക് ആസ്ഥാനത്തിന് താഴെയുള്ള ഭരണസംവിധാനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂത്താട്ടുകുളം.
മതമൈത്രിയുടെ ഒരു ഏറ്റവും നല്ല ഉദാഹരണമാണ് കൂത്താട്ടുകുളം. ആധുനിക രാഷ്ട്രീയ ചരിത്രങ്ങള്‍ക്കപ്പുറം ബുദ്ധ - ജൈന കാലഘട്ടത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഐതിഹ്യങ്ങള്‍ നിറഞ്ഞ ദേവാലയ സമുച്ചയങ്ങള്‍ കൂത്താട്ടുകുളത്തിന്‍റെ പ്രത്യേകതയാണ്.
കൂത്താട്ടുകുളത്ത് ദേശീയ തലത്തില്‍ അറിയപ്പെട്ടിരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ്കള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘ ചാക്കപ്പന്‍സ് ട്രോഫി ’ ടൂര്‍ണമെന്‍റ് ആയിരുന്നു.കേരളത്തിലെയും ഇന്ത്യയിലേയും പ്രശസ്തരായ കളിക്കാരാണ് ഇതില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ബല്‍ബന്ദ്‌സിങ്ങ്, നിര്‍മല്‍സിങ്ങ് തുടങ്ങിയ ലോകപ്രശസ്തരായ കളിക്കാര്‍ പോലും കൂത്താട്ടുകുളത്ത് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്.
ഫുട്‌ബോള്‍
1930 കള്‍ മുതല്‍ ഫുട്‌ബോള്‍ കളിയുടെ ഒരു ഈറ്റില്ലം തന്നെയായിരുന്നു കൂത്താട്ടുകുളം. ഫുട്‌ബോള്‍ കളികള്‍ കൂത്താട്ടുകുളത്തും സമീപപ്രദേശങ്ങളിലും ഉള്ള സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത്. വടകര സെന്‍റ് ജോണ്‍സ് ഹൈസ്‌കൂള്‍, കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ എന്നീ സ്കൂളുകള്‍ ആയിരുന്നു ഫുട്ബോളിനു വേദിയായി മാറിയത് . ഈ കാലഘട്ടത്തില്‍ ഫുട്‌ബോള്‍ കളിയുടെ ആവേശം ഫുട്‌ബോള്‍ ക്ലബ്ബുകളുടെ രൂപീകരണത്തിന് ഇടയായി. നിരവധി ക്ലബ്ബുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കും ഈ മണ്ണ് വേദിയായി.
ബാസ്‌ക്കറ്റ്‌ബോള്‍
ഫുട്‌ബോളും വോളിബോളും സജീവമായി നിന്നിരുന്ന കാലഘട്ടത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളികളും സജീവമായിരുന്നു. നിരവധി കായികതാരങ്ങള്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം മേഖലയില്‍ ഉണ്ടായിരുന്നു. പ്രധാനമായും ബാസ്‌ക്കറ്റ്‌ബോള്‍ കളി നടന്നിരുന്നത് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ തന്നെയായിരുന്നു.(ഇപ്പോഴത്തെ സ്‌കൂള്‍ ഓഡിറ്റോറിയം).
ബോള്‍ ബാഡ്മിന്റണ്‍
ഈ നാട്ടിലെ ഏറ്റവും പ്രായം ചെന്നതും അതുപോലെ തന്നെ ഇപ്പോഴും വളരെ സജീവമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കളിയാണ് ബോള്‍ബാഡ്മിന്‍റ്ണ്‍. പഴയകാലഘട്ടത്തില്‍ നെല്‍കൃഷികഴിഞ്ഞ് വയല്‍ ചെയ്താല്‍ മിക്കവാറും കൂത്താട്ടുകുളം പ്രദേശത്ത് എല്ലായിടത്തും തന്നെ കാണുന്ന കളിയായി.







